കോട്ടയം: ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ഇടതുപാര്‍ട്ടികളുടെ രീതിയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നു. ലെവിയും ഏര്‍പ്പെടുത്തും. ഓരോ സ്ഥാനത്തുള്ളവരും നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയെന്ന നിലയിലുള്ള കെട്ടുറപ്പിനും അംഗങ്ങളുടെ ഉത്തരവാദിത്തത്തിനും ലെവി വേണ്ടതാണെന്ന തീരുമാനത്തില്‍ പാര്ട്ടിയെത്തിയെന്നാണ് വിവരം.
ഒരു പ്രത്യേക ജോലിക്കോ ലക്ഷ്യത്തിനോ വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് കേഡര്‍ പാര്‍ട്ടി. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ മാതൃകയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ സാധാരണ അംഗത്വവും സജീവ അംഗത്വവും ഏര്‍പ്പെടുത്താനും ആലോചിക്കുന്നു.
പാര്‍ട്ടിയുടെ സ്ഥാനം ലഭിച്ചവര്‍ക്കായിരിക്കും വിഹിതം കൂടുക. മന്ത്രി, എം.പി, എം.എല്‍.എ, ചീഫ് വിപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും ഭരണകര്‍ത്താക്കളും ബോര്‍ഡ് കോര്പറേഷന് ചെയര്മാന്മാര്, അംഗങ്ങള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങള്‍ പേഴ്സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെല്ലാം ലെവി വരും.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇതുവരെയുള്ള പ്രവര്‍ത്തന ശൈലികള്‍ മാറ്റുകയാണ്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും യു.ഡി.എഫ് സംവിധാനം പി.ജെ ജോസഫിനൊപ്പം നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ആയിരുന്നു ജോസ് കെ മാണിയും കൂട്ടരും യു.ഡി.എഫ് വിട്ടത്.
മുതിര്‍ന്ന നേതാക്കളില്‍ വലിയൊരു വിഭാഗവും ജോസഫിന്റെ കൂടെ ആയിരുന്നെങ്കിലും പാര്‍ട്ടിയുടെ പേരും ചിഹ്നവും ലഭിച്ചത് ജോസിനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിന്റെ ഭാഗമാവുകയും തിരഞ്ഞെടുപ്പില്‍ ശക്തിപ്രകടിപ്പിക്കുകയും ചെയ്തു.
കേരള കോണ്‍ഗ്രസ്സുകളില്‍ ഏറ്റവും ശക്തരെങ്കിലും ഇനിയുള്ള കാലം ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ മതിയാവില്ലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയെ വളര്‍ത്താനും ശക്തിപ്പെടുത്താനും ഉള്ള പുതിയ വഴികള്‍ തേടുകയാണ് കേരള കോണ്‍ഗ്രസ് എം. വലിയ പ്രതിസന്ധികള്‍ വന്നാലും കേഡര്‍ സംവിധാനം പാര്‍ട്ടി നിലനില്പിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി അംഗത്വം ഓണ്‍ലൈന്‍ വഴിയും നല്‍കാനുള്ള സംവിധാനങ്ങളെ കുറിച്ചും ആലോചിക്കുന്നുണ്ട്. പാര്‍ട്ടി അംഗങ്ങളെ രണ്ട് തരത്തില്‍ തരംതിരിക്കാനുള്ള പദ്ധതിയും ഉണ്ട്. സാധാരണ അംഗത്വം കൂടാതെ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്പെടുന്നവര്ക്കായി പ്രത്യേക അംഗത്വവും നല്‍കുന്നതിനെ കുറിച്ച് കേരള കോണ്‍ഗ്രസ് എം ആലോചിക്കുന്നുണ്ട്.
യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തി എല്‍.ഡി.എഫില്‍ എത്തിച്ചത് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ആയിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സംവിധാനം ചലിപ്പിച്ചതും ജോസ് കെ മാണി തന്നെ. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പാലായില്‍ മാണി സി കാപ്പനോട് ദയനീയമായി പരാജയപ്പെട്ടു. ജയിച്ചിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ഉറപ്പായിരുന്നു.
ജോസിന്റെ പരാജയത്തോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ നേതൃത്വപ്രശ്നം ഉടലെടുത്തിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. നിലവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയയായ മന്ത്രികൂടിയാണ് റോഷി അഗസ്റ്റിന്.
ഇടത് പാര്‍ട്ടികളെ പോലെ, പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തിയാല്‍ മറ്റ് ചില ഗുണങ്ങളും ഉണ്ട്. സര്‍ക്കാരിലേയും മറ്റ് കോര്പ്പറേഷന്, ബോര്‍ഡുകളിലേയും പ്രതിനിധികളെ പാര്‍ട്ടി നിയന്ത്രണത്തില്‍ കൊണ്ടുവരാം എന്നതാണ് അത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെ മാണിയെ സംബന്ധിച്ച് അത് ഏറെ നിര്‍ണായകവും ആണ്.
കേരള കോണ്‍ഗ്രസ് എമ്മിനെ പോലെയുള്ള ഒരു പാര്‍ട്ടിയില്‍ കേഡര്‍ സംവിധാനങ്ങള്‍ കൊണ്ടുവരിക എത്രത്തോളം പ്രായോഗികമാണ് എന്നതും ചര്‍ച്ചാവിഷയം ആണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിളര്‍പ്പിന്റെയും ലയനങ്ങളുടേയും ചരിത്രം തന്നെ ഇത് എത്ര വലിയ വെല്ലുവിളിയാണെന്ന് തെളിയിക്കുന്നുണ്ട്.