തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ പി.സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വിദ്വേഷ പ്രസംഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോ?ഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ?ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
തന്നെ അറസ്റ്റ് ചെയ്തത് പിണറായിയുടെ റംസാന്‍ സമ്മാനമാണെന്ന് ജാമ്യം ലഭിച്ച് പുറത്തു വന്നതിന് പിന്നാലെ പിസി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോര്‍ജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്.
ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ധയുണ്ടാക്കാന്‍ പിസി ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ എആര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കല്‍ സംഘമെത്തി വൈദ്യ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോടതിയില്‍ ഹാജരാക്കിയത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്ന് എഫ്‌ഐആര്‍. പ്രസംഗം മത സ്പര്‍ധ വളര്‍ത്തുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. ഹിന്ദുമഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പിസി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.
‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.’