വാഷിങ്ടന്‍: കന്‍സാസില്‍ വ്യാപക നാശം വിതച്ച് വമ്പന്‍ ചുഴലിക്കാറ്റ്. സംസ്ഥാനത്തെ വിവിധ മേഖലകളിലൂടെ ആഞ്ഞടിച്ച ചുഴലിയില്‍പ്പെട്ട് വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒട്ടേറെ ആളുകള്‍ക്ക് പരിക്കേറ്റു. വൈദ്യുതി ബന്ധം പൂര്‍ണമായി തകര്‍ന്നു.
കന്‍സാസിലെ ആന്‍ഡോലവര്‍ മേഖലയില്‍ വലിയ നാശമുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയില്‍ നൂറോളം വീടുകള്‍ തകര്‍ന്നു. ചിലയിടങ്ങളില്‍ വീടുകള്‍ ചുഴലിക്കാറ്റില്‍ കൂട്ടമായി നശിച്ചു. വിചിറ്റ എന്ന പട്ടണത്തിലും കാറ്റ് വന്‍ നാശമാണ് വിതച്ചത്.
കാറ്റ് കെട്ടിടങ്ങളിലേക്കും മറ്റും കയറുന്നതും ഇതിന്റെ ശക്തിയില്‍ അന്തരീക്ഷത്തില്‍ അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കുന്നതുമുള്‍പ്പെടെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുമറിയുന്നതും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ മുഴുവനോടെ തകര്‍ന്നു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
യുഎസിലെ വിവിധ മേഖലകളിലായി നാല് കോടിയോളം ജനങ്ങള്‍ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മധ്യസമതലമേഖലയില്‍ നിലനില്‍ക്കുന്ന കാലാവസ്ഥാ സാഹചര്യം കൂടുതല്‍ കരുത്തുറ്റ കാറ്റുകളെയും ചുഴലിക്കാറ്റുകളെയും ശീതക്കൊടുങ്കാറ്റിനെയും പന്ത്രണ്ടിലധികം സംസ്ഥാനങ്ങളില്‍ എത്തിച്ചേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
ഇന്നും നാളെയുമായി ടെക്സസ് സംസ്ഥാനത്തും കൊടുങ്കാറ്റ് ആഞ്ഞടിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂമെക്സിക്കോ, കൊളറാഡോ, ഒക്ലഹോമ മേഖലകളും ഭീഷണിയിലാണ്. നെബ്രാസ്‌ക, മിസോറി തുടങ്ങിയ സ്ഥലങ്ങളിലും കാറ്റിനു സാധ്യതയുണ്ട്.
പ്രത്യേക സുരക്ഷാ സേനയുടെ ഡ്രോണുകളും വിമാനങ്ങളും നാശനഷ്ടങ്ങള്‍ വിലയിരുത്താനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കാറ്റ് നാശം വിതച്ച മേഖലകളില്‍ നിന്നു മാറി നില്‍ക്കാനുള്ള മാര്‍ഗനിര്‍ദേശം അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തകര്‍ന്ന വൈദ്യുത ലൈനുകള്‍ അപകടമുണ്ടാക്കിയേക്കാം എന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.