കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫിന്റെ വിജയം സുനിശ്ചിതമെന്നും അദ്ദേഹം മുത്തുപോലൊരു സ്ഥാനാര്‍ഥിയെന്നും സിപിഎം നേതാവ് ഇ.പി. ജയരാജന്‍ പറഞ്ഞു.
ഏറെ ചര്‍ച്ചകള്‍ക്കു ശേഷം തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പാര്‍ട്ടിയുമായും ജനങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും അല്ലെങ്കില്‍ തന്നെ ബന്ധം നോക്കിയല്ല പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്ത് പോലെ ഒരാളെ കിട്ടിയാല്‍ മറ്റ് ആലോചനകള്‍ വേണ്ടെന്നും ഇപി വ്യക്തമാക്കി.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഇദ്ദേഹമെന്ന് ഇപി പറഞ്ഞു. വാഴക്കാലയിലാണു താമസം. ഡോക്ടറായ ജോ ജോസഫ് നാട്ടുകാര്‍ക്ക് സുപരിചിതനാണെന്നും തൃക്കാക്കരക്കാരുടെ മഹാ ഭാഗ്യമാണ് ഈ സ്ഥാനാര്‍ഥിയെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും. യുഡിഎഫ് ദുര്‍ബലപ്പെട്ടു. വികസന വിരോധികളായി അധഃപതിച്ചു. ലോകോത്തര നഗരമായി െകാച്ചിയെ മാറ്റണമെന്നും ഇപി പറഞ്ഞു.
കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. ദയ പാസ്‌കല്‍ തൃശൂര്‍ ഗവണ്‍മെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്.
കളപ്പുരക്കല്‍ പറമ്പില്‍ കുടുംബത്തില്‍ കെ.വി. ജോസഫിന്റെയും എം.ടി. ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബര്‍ 30നാണ് ഡോ. ജോ ജോസഫിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നിന്നും പ്രീഡിഗ്രി പാസയശേഷം കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍നിന്നും എംബിബിഎസ്സും ഒഡീഷയിലെ എസ്‌സിബി മെഡിക്കല്‍ കോളജില്‍നിന്നും ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദവും നേടി.
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) നിന്നു കാര്‍ഡിയോളജിയില്‍ ഡിഎം കരസ്ഥമാക്കി. 2012 മുതല്‍ എറണാകുളം ലിസ്സി ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധനായി പ്രവര്‍ത്തിച്ചു വരികയാണ്.