ന്യൂഡല്‍ഹി : കോവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ഇതുപ്രകാരം, 2020, 2021 വര്‍ഷങ്ങളില്‍ 47 ലക്ഷത്തോളം പേര്‍ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ കണക്കുമായുള്ള (2021 വരെ 4.81 ലക്ഷം) താരതമ്യത്തില്‍, പത്തിരട്ടിയോളമാണിത്. പിന്നാലെ, മരണസംഖ്യ തിട്ടപ്പെടുത്താന്‍ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കല്‍ മോഡലിങ്) ശരിയല്ലെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.
ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ലോകജനസംഖ്യയുടെ 50% ഉള്‍ക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80%. സര്‍ക്കാരുകള്‍ നല്‍കിയ കണക്കു പരിശോധിച്ചാല്‍, പാക്കിസ്ഥാനില്‍ അതിന്റെ 8 ഇരട്ടിയും റഷ്യയില്‍ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസില്‍ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാല്‍, 9.3 ലക്ഷം പേര്‍ കൂടി മരിച്ചിട്ടുണ്ടാകും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേര്‍ന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു.
അതിനിടെ ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം തള്ളി. കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇതു കണക്കാക്കാന്‍ ഉപയോഗിച്ച രീതി തന്നെ തെറ്റാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ മരണം വളരെ കുറച്ചു മാത്രമേയുള്ളു. ഈ രീതിയില്‍ മരണം തിട്ടപ്പെടുത്തുന്നതിനെ ഇന്ത്യ ആദ്യം തന്നെ എതിര്‍ത്തതാണ്. ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.