മോസ്‌കോ: ഇതുവരെ റഷ്യ ഉക്രെയ്‌നില്‍ നടത്തിയ സൈനീക നടപടി ചെറുത് മാത്രമാണെന്നും മേയ് 9-ന് ‘നിര്‍ണായക’ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട്.
യുക്രൈനില്‍ ഫെബ്രുവരി 24-ന് അക്രമണം ആരംഭിച്ചപ്പോള്‍ യുദ്ധം പ്രഖ്യാപിക്കുന്നതിന് പകരം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ അതിനെ വിശേഷിപ്പിച്ചത് ‘പ്രത്യേക സൈനിക നടപടി’ എന്നു മാത്രമാണ്. എന്നാല്‍, മേയ് 9-ന് ചില ‘നിര്‍ണായക’ പ്രഖ്യാപനങ്ങള്‍ റഷ്യ നടത്തിയേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. റഷ്യക്ക് വളരെ പ്രധാനപ്പെട്ട തീയതികളിലൊന്നായ മേയ് 9 -ന് ഒരുപക്ഷേ യുദ്ധപ്രഖ്യാപനം തന്നെ നടന്നേക്കുമെന്നാണ് അവരുടെ അനുമാനം.
1945-ല്‍ നാസികള്‍ക്കെതിരേ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കാനായി മേയ് 9 വിജയ ദിനമായാണ് റഷ്യ ആചരിക്കന്നത്. 1945 മേയ് 9 -നാണ് രണ്ടാംലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്. യുക്രൈനില്‍ നടത്തിയ സൈനിക നടപടിയുടെ വിജയം പ്രഖ്യാപിക്കാനോ, അല്ലെങ്കില്‍ നടപടിയുടെ വിപുലീകരണം പ്രഖ്യാപിക്കാനോ പുതിന്‍ ഈ ദിവസം തിരഞ്ഞെടുത്തേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍ പൂര്‍ണ തോതിലുള്ള യുദ്ധപ്രഖ്യാപനം പുതിനെ സംബന്ധിച്ച് എളുപ്പമാകില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു. പുതിന് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ടെന്നും പക്ഷേ യുദ്ധപ്രഖ്യാപനം വേറിട്ട ഒരു സാഹചര്യമാണെന്നും ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിലെ സീനിയര്‍ അനലിസ്റ്റ് ഒലെഗ് ഇഗ്നാറ്റോവ് പറഞ്ഞു. മൊബിലൈസേഷന്‍ നിയമം നടപ്പിലാക്കുകയാകും പുതിന് മുന്‍പിലുള്ള മറ്റൊരു വഴിയെന്നും അദ്ദേഹം പറയുന്നു. ഇതു വഴി സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും യുദ്ധത്തിനായി ചെലവഴിക്കാനാകും.
സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യക്ക് ഇതുവരെ 15,000 ഓളം സൈനികരെ നഷ്ടമായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍, മേയ് 9-ന് യുദ്ധപ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ മറ്റ് നിര്‍ണായക നീക്കങ്ങള്‍ പുതിന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.