തൃശൂര്‍: തൃശൂര്‍ പൂരം കുടമാറ്റത്തിനായി തയാറാക്കിയ കുടകളില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്തത് വിവാദത്തിലായി. പാറമേക്കാവ് വിഭാഗം തയാറാക്കിയ കുടകളിലാണ് വിവിധ നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യസമര നേതാക്കളുടെയും ഒപ്പം ഗാന്ധിവധക്കേസ് ഗൂഢാലോചനയിലെ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്.
പൂരം ചമയത്തില്‍ കുട പ്രദര്‍ശിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, പട്ടം താണുപിള്ള തുടങ്ങിയ മഹാന്മാരോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങി നിരവധി സംഘടനകള്‍ പ്രതിഷേധവുമായെത്തിയതോടെ സവര്‍ക്കറുടെ ചിത്രമുള്ള കുട ചടങ്ങില്‍ നിന്ന് ഒഴിവാക്കി.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിലെ പട്ടികയിലുള്ള മഹാന്മാരുടെ ചിത്രങ്ങളാണ് കുടയിലും ഉള്‍പ്പെടുത്തിയതെന്നാണ് പാറമേക്കാവ് വിശദീകരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദര്‍ശിപ്പിച്ചത്.