നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലുവയിലെ പത്മ സരോവരം വീട്ടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എസ്.പി മോഹനചന്ദ്രന്‍, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി. 12 മണിക്കാണ് അന്വേഷണ സംഘം ഇവിടെ എത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഇന്നാണ് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് അയച്ചത്. എവിടെ ഹാജരാകുവാന്‍ കഴിയുമെന്ന് അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആലുവ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിക്കുകയായിരുന്നു.
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിരുന്നു.
തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പെന്‍ഡ്രൈവ് സമര്‍പ്പിച്ചിരിക്കുന്നത്.