കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചു. 16 പേര്‍ക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.
തന്റെ കാര്‍ തടഞ്ഞവര്‍ക്കു നേരെ അമരകീര്‍ത്തി അതുകൊരാള എംപി വെടിയുതിര്‍ത്തു. പിന്നീട് ഇദ്ദേഹം പ്രതിഷേധക്കാരില്‍നിന്നു രക്ഷനേടാന്‍ അഭയം പ്രാപിച്ച കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി പ്രഖ്യാപിക്കുകയും ചെയ്തു.
വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്‌സെയുടെ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്‌സെയ്ക്കു മേല്‍ മഹിന്ദയെ പുറത്താക്കാന്‍ സമ്മര്‍ദ്ദമേറുകയാണ്. സ്വയം പുറത്തുപോകാന്‍ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആക്രമണം ഉണ്ടായത്.
മഹിന്ദ രാജപക്‌സെ (76) രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന(എസ്എല്‍പിപി)യില്‍നിന്നു തന്നെ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ തന്നെ പിന്തുണയ്ക്കുന്നവരെ മുന്‍നിര്‍ത്തി ഈ നീക്കത്തിന്റെ മുനയൊടിക്കാനുള്ള മഹിന്ദയുടെ നീക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിലയിരുത്തല്‍.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.