പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: എണ്‍പത്തിനാലു ദിവസം പിന്നിട്ട റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്ക ആദ്യമായി വെടിനിര്‍ത്തല്‍ അഭ്യര്‍ഥന നടത്തി. യുഎസ് ഡിഫന്‍സ് സെക്രട്ടറി ലോയിഡ് ഓസ്റ്റിനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
മേയ് മൂന്നിനു ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോയിഡ് ഓസ്റ്റിന്‍ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗിനോട് അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം മാസത്തിലേക്ക് പ്രവേശിക്കുമെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് യുഎസ് പുതിയ പ്രസ്താവന ഇറക്കിയത്.
ഫെബ്രുവരി 18നു യുദ്ധം ആരംഭിക്കുന്നതിനു ഒരാഴ്ച മുന്പാണ് യുഎസ് പ്രതിരോധ സെക്രട്ടറി അവസാനമായി റഷ്യന്‍ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ റഷ്യയുടെ ഉന്നത നേതാക്കന്മാര്‍ ലോയ്ഡ്‌സിന്റെ അഭ്യര്‍ഥന തള്ളിക്കളയുകയായിരുന്നു.
മാര്‍ച്ച് 14 ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയും ജോയിന്റ് ചീഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലിയും റഷ്യന്‍ ആഭ്യന്തര സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
അതേസമയം യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലിക്‌സി റെസ്‌നികോവ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ രാജ്യം ഒരു നീണ്ട യുദ്ധത്തിനു തയാറെടുക്കുകയാണെന്നും തലസ്ഥാനമായ കീവ് ഉടന്‍ വീഴുമെന്ന റഷ്യന്‍ സ്വപ്നം വിഫലമാകുമെന്നും അഭിപ്രായപ്പെട്ടു.
അതിനിടെ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇത് മറ്റൊരു സ്‌പെഷല്‍ മിലിട്ടറി ഓപ്പറേഷനു റഷ്യയെ നിര്‍ബന്ധിതമാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.