ഇന്ത്യയിലെ ആദ്യ അല്മായ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.
വിശുദ്ധ പദവിയിലെത്തുന്ന ഇന്ത്യയുടെ ആദ്യ അല്മായ രക്തസാക്ഷിയായ ദേവസഹായം പിള്ള, ഇന്ത്യന്‍ സഭയുടെ വൈദികന്‍ അല്ലാത്ത ആദ്യ വിശുദ്ധനും കൂടിയാണ് .
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.25 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും വത്തിക്കാനിലെത്തിയത്.
ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയില്‍ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.
കന്യാകുമാരിയിലെ നട്ടാലത്ത് 1712 ലായിരുന്നു നീലകണ്ഠപിളളയുടെ ജനനം. ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ലാസര്‍ ദേവസഹായം പിളളയായത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു, നീലകണ്ഠപിളള.
1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് നേവിയുടെ ക്യാപ്‌ററന്‍ ഡിലനോയി തടവിലാക്കപ്പെട്ടു.
ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് നീലകണ്ഠപിളള ക്രിസ്തീയ വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും.
വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു.
ക്രിസ്തുമതത്തില്‍ അടിയുറച്ചു വിശ്വസിച്ച, മതം മാറിയതിനെത്തുടർന്ന് കാരാഗൃഹത്തിൽ അടക്കപ്പെട്ട ദേവസഹായം പിള്ളയെ രാജാവിന്‍റെ നിർദേശ പ്രകാരം കാറ്റാടിമലയില്‍ 1752 ജനുവരി 14ന് വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് ചരിത്രം.
300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.
ദേവസഹായം പിള്ള വെടിയേറ്റ് മരിച്ച കാറ്റാടിമലയിലെ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളുമാണ് നടക്കുന്നത്. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോട്ടാര്‍, കുഴിത്തുറ, നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് കാറ്റാടിമലയില്‍ കൃതജ്ഞതാ ബലിയും നടക്കും.
ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒന്‍പത് വാഴ്ത്തപ്പെട്ടവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധരായി പ്രഖ്യാപിക്കുന്നവരില്‍ അഞ്ചു വാഴ്ത്തപ്പെട്ടവര്‍ ഇറ്റലിക്കാരാണ്. മൂന്നു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ ഹോളണ്ടുകാരനുമാണ്.
ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, ഫ്രഞ്ച് വൈദികന്‍ സേസര്‍ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികര്‍ ലൂയിജി മരിയ പലാസോളോ, ജസ്റ്റിന്‍ റുസ്സൊലീലൊ, ഫ്രാന്‍സുകാരനായ സന്ന്യസ്തന്‍ ചാള്‍സ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിച്ചത്.