ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്‍പന (ഐപിഒ) നടത്തിയ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) വിപണി പ്രവേശം തകര്‍ച്ചയോടെ. 949 രൂപയ്ക്ക് ഐപിഒയില്‍ വില്‍പന നടന്ന ഓഹരി ഇന്നലെ നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 872 രൂപയ്ക്കും (ഇടിവ് 8.11%) ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 867.20 രൂപയ്ക്കുമാണ് (ഇടിവ് 8.62%) ലിസ്റ്റ് ചെയ്തത്.
കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റ് 20,557 കോടി രൂപയാണു സമാഹരിച്ചത്. എന്നാല്‍, അങ്ങനെ വാങ്ങിയ ഓഹരി ഇന്നലെ വിറ്റു ലാഭമെടുക്കാനിറങ്ങിയവര്‍ക്കു നിരാശയാണുണ്ടായത്. വില ഒരു ഘട്ടത്തില്‍ 920 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് ഇടിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ എന്‍എസ്ഇയില്‍ 875.25 രൂപയും ബിഎസ്ഇയില്‍ 875.45 രൂപയുമാണ് ഒരു ഓഹരിയുടെ വില.
സെന്‍സെക്‌സും നിഫ്റ്റിയും 3 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ (2.5%) ദിവസമായിട്ടും എല്‍ഐസി ഓഹരിക്ക് ഉയരം കണ്ടെത്താനായില്ല. ഇളവുണ്ടായിരുന്നതിനാല്‍ പോളിസി ഉടമയ്ക്ക് 889 രൂപയ്ക്കും സാധാരണ നിക്ഷേപകന് 904 രൂപയ്ക്കുമാണ് ഓഹരി ലഭിച്ചത്. ലിസ്റ്റിങ് വില 889 രൂപയില്‍ താഴെപ്പോയതിനാല്‍ ആര്‍ക്കും ആദ്യദിവസം ലാഭം നേടാനായില്ല.