ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി 24ന് ടോക്കിയോയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിക്കിടെയാവും ബൈഡനുമായി മോദിയുടെ സുപ്രധാന കൂടിക്കാഴ്ച. ജപ്പാന്‍ പ്രധാനമന്ത്രി കൗണ്ടര്‍ ഫുമിയോ കിഷിദയുമായും മോദി പ്രത്യേക ചര്‍ച്ച നടത്തും.
റഷ്യ- യുക്രെയ്ന്‍ യുദ്ധവും കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് തടാകത്തില്‍ ചൈനയുടെ പാലം നിര്‍മാണവും തുടരുന്നതിനിടെയാണു സുപ്രധാന കൂടിക്കാഴ്ചകള്‍. ബൈഡനുമായി കഴിഞ്ഞ മാസം മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാകും ജപ്പാനില്‍ നടത്തുക.
ഇന്ത്യ- പസഫിക് മേഖലയിലെ സുരക്ഷയാകും സമ്മേളനത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം. ജപ്പാനിലെ ഇന്ത്യന്‍ സമൂഹവുമായും വ്യവസായപ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും.