കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.
പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം പൊലീസ് യു.എ.ഇയെ അറിയിക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. അതേസമയം വിജയ് ബാബു യു.എ.ഇയില്‍ തന്നെയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇയാള്‍ ദുബായില്‍ നിന്നും വേറെ ഏതെങ്കിലും വിദേശരാജ്യത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ്ബാബു കടന്നതായാണ് സംശയിക്കുന്നത്. പാസ്പോര്‍ട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ തങ്ങുന്നതു നിയമ വിരുദ്ധമാകും എന്നതു കണക്കിലെടുത്താണ് വിജയ് ബാബുവിന്റെ നീക്കം.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനാണ് വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനും വിജയ് ബാബു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.