ന്യൂയോര്‍ക്ക്: ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനും ലോകത്തിലെ ഏറ്റവും സമ്പന്നനുമായ ഇലോണ്‍ മസ്‌ക്കിനെതിരെ ലൈംഗിക ആരോപണം. എയര്‍ ഹോസ്റ്റസാണ് വെളിപ്പെടുത്തലുമായി രം?ഗത്തെത്തിയത്. ഒരു സുഹൃത്തു വഴിയാണ് എയര്‍ ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍.
2016ല്‍ വിമാനത്തില്‍ വച്ച് ഇലോണ്‍ മസ്‌ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം പുറത്തറിയിക്കാതിരിക്കാന്‍ 2018ല്‍ സ്പേസ്എക്സ് 2,50,000 ഡോളര്‍ (ഏതാണ്ട് രണ്ട് കോടി ഇന്ത്യന്‍ രൂപ) നല്‍കിയെന്നും എയര്‍ ഹോസ്റ്റസ് വെളിപ്പെടുത്തി.
സ്പേസ് എക്സിന്റെ കോര്‍പറേറ്റ് ജെറ്റ് ഫ്‌ലൈറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. 2016ല്‍ വിമാനത്തിലെ സ്വകാര്യ മുറിയില്‍ വിളിച്ചുവരുത്തി മസ്‌ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പകരമായി ഒരു കുതിരയെ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്‌തെന്നും പറയുന്നു.
‘വിമാന യാത്രയ്ക്കിടെ ഫുള്‍ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു. ചെറിയ ഷീറ്റ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇതൊഴിച്ചാല്‍ മസ്‌ക് പൂര്‍ണ നഗ്‌നനായിരുന്നു. മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യ ഭാഗം തുറന്നുകാട്ടി. അനുവാദമില്ലാതെ സ്പര്‍ശിച്ചു. വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു’ എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മസ്‌ക് പറയുന്നു. ഈ കഥയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.