ജോബ് നെറ്റിക്കാട്ടേല്‍
ആധുനിക നേഴ്‌സിങ്ങിന്റെ മാതാവായ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന് പ്രണാമം. ഭൂമിയില്‍ ‘ദൈവത്തിന്റെ കൈയ്യൊപ്പ്’ പതിഞ്ഞ തൊഴിലാണ് നേഴ്‌സിങ്ങ്. രോഗീ പരിപാലനത്തെ കേവലം ഒരു തൊഴില്‍ എന്നതിലുപരി മഹത്തായ സേവനം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം ദീര്‍ഘകാലം ഞാനും ഒരു നേഴ്‌സായിരുന്നു. നേഴ്‌സ് എന്ന നിലയില്‍ വേദനിക്കുന്നവരോടെപ്പം ജീവിക്കാനും അവരെ ശുശ്രൂഷിക്കാനും ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകൊണ്ടുവരാനും സധിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ എനിക്കേറ്റവും സംതൃപ്തി നല്‍കിയ കാര്യമാണ്. വിശാലമായ നേഴ്‌സിങ്ങ് ലോകത്ത് തീര്‍ച്ചയായുമത് എന്റെ എളിയ കടമ തന്നെയായിരുന്നു.
കേരള സര്‍ക്കാര്‍ സര്‍വീസില്‍ എട്ടുവര്‍ഷവും തുടര്‍ന്ന് അമേരിക്കയില്‍ 27 കൊല്ലവും നേഴ്‌സായി സേവനം ചെയ്യാന്‍ അപൂര്‍വ ഭാഗ്യം ലഭിച്ച വ്യക്തിയെന്നനിലയില്‍ ഒപുപാട് ജീവിതാനുഭവങ്ങള്‍ എന്നില്‍ ചൂഴ്ന്ന് നില്‍ക്കുന്നു. തിരുവനന്തപുരത്ത് ജോലിചെയ്യുമ്പോള്‍ അന്നത്തെ മുഖ്യമന്തി ഇ.കെ നായനാര്‍ സഖാവിന് ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ അവസരം കിട്ടിയത് ജാവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണ്.
വേദനിക്കുന്ന രോഗികളിലേക്ക് പുഞ്ചിരിയിലൂടെ സമാശ്വാസത്തിന്റെ അമൃത് പകരുന്ന ആതുരസേവന രംഗത്തെ വെള്ളരിപ്രാവുകളുടെ ഉല്‍സവ വേളയാണ് ഓരോ നേഴ്‌സസ് ദിനവും. ഇത്തവണത്തെ നേഴ്‌സസ്ദിനം മെയ് ആറാം തീയതിയായിരുന്നു. ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമാണ് നാം നേഴ്‌സസ് ദിനമായി അന്താരാഷ്ട്ര തലത്തില്‍ മെയ് 12ന് ആചരിക്കുന്നത്.
സ്‌നേഹപരിപാലനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും മഹത് സന്ദേശവുമായി മെയ് ആറാം തീയതി മുതല്‍ 12-ാം തീയതി വരെ നേഴ്‌സസ് വാരാഘോഷവും മുറതെറ്റാതെ നടക്കുന്നു. 31 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ജന്‍മനാടായ കോട്ടയത്ത് നേഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ച് മെയ് 12-ാം തീയതി നടന്ന റാലിയില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം അവിസ്മരണീയമാണ്.”Nurses, A voice to lead invest in nursing and respect rights to secure global health…” എന്ന പ്രമേയ വാക്യം ആലേഖനം ചെയ്ത ബാനറിന് പിന്നിലായി ഏവരും പുഞ്ചിരിയോടെ നടന്നു നീങ്ങി.
ഗൃഹാതുര സ്മരണകളോടെ ആ റാലയില്‍ അണിചേര്‍ന്നപ്പോള്‍ അതി സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ തിരതള്ളലുണ്ടായി. അനേകം നേഴ്‌സുമാരുടെ സാന്നിദ്ധ്യത്തില്‍ മെയ് ആറിനായിരുന്ന കോട്ടയം ജില്ലയിലെ നേഴ്‌സസ് ഡേ വാരാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് കലാ മല്‍സരങ്ങള്‍, രചനാ മല്‍സരങ്ങള്‍, കായിക മല്‍സരങ്ങള്‍ മറ്റ് ജീവകാരുണ്യ പരിപാപാടികള്‍ എന്നവയ്ക്ക് ശേഷം സമാപന റാലില്‍ പങ്ക്‌ചേര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാട് പിന്നോട്ട് പോയപോലെ തോന്നി.
നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പ്രസരിപ്പും യുവ തലമുറയുടെ ഉല്‍സാഹവും മുതിര്‍ന്ന നേഴ്‌സുമാരുടെ സന്തോഷവും എന്നെപ്പോലെ വിരമിച്ചവരുടെ ഗതകാല സ്മരണകളും അവിടെ പരന്നൊഴുകി. ബഹുമാന്യനായ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെയും സഖാവ് ഇ.കെ നായമാരുടെയും കാലത്ത് തുരുവന്തപുരത്ത് ഒരു നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായ ഞാന്‍ പിന്നീട് നേഴ്‌സായി ആതുര ശശ്രൂഷയ്ക്ക് തുടക്കമിട്ടു. സെക്രട്ടേറിയറ്റ് കെട്ടിടം എന്റെ താവളമായി.
വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും ജേലിയില്‍ പ്രവേശിച്ചപ്പോഴും അവകാശ സമരങ്ങളുടെ മുന്‍നിരയില്‍ പതാകയേന്തി…എട്ട് മണിക്കൂര്‍ ഷിഫ്റ്റിന് വേണ്ടി മുദ്രാവാക്യം വിളിച്ചു…അന്ന് നേഴ്‌സുമാരെ ദുരിതത്തിലാക്കുന്ന 10-14 മണിക്കൂര്‍ ഷിഫ്റ്റുകളാണ് നിലനിന്നിരുന്നത്. മികച്ച ശമ്പളം, രോഗി-നേഴ്‌സ് അനുപാതം, മെഡിക്കല്‍ സീറ്റുകളിലെ സംവരണം…തുടങ്ങിയവയ്ക്കായി പ്രതിഷേധജ്വാല തീര്‍ത്ത് സമരമുഖത്തിറങ്ങി. ഒടുവില്‍ വിജയക്കൊടി പാറിപ്പറന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ മിക്കവയും അംഗീകരിച്ചത് ഇ.കെ നായനാര്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാരാണ്.
സഖാവ് നായനാര്‍ നേഴ്‌സുമാരോട് എക്കാലത്തും മൃദു സമീപനം പുലര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം വൈകുന്നേരം 5.30ന് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്ന് സ്റ്റാച്യു ജംഗ്ഷന്‍ വഴി ദീപിക പത്രത്തിന്റെ മുന്നിലൂടെ എ.കെ.ജി സെന്റര്‍ കണക്കാക്കി പതിവ് സവാരി നടത്തുമ്പോള്‍ എണ്‍പതുകളുടെ തുടക്കത്തില്‍ നേഴ്‌സുമാര്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവയൊക്ക അനുഭാവ പൂര്‍വം പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞതും ഇപ്പോള്‍ ഓര്‍ക്കുന്നു.
ഒരുപാട് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി. നേഴ്‌സുമാരുടെ യൂണിഫോമിന് പലപ്പോഴായി മാറ്റം വന്നു. പക്ഷേ, അവരുടെ ചൈതന്യത്തിന് മാറ്റം സംഭവിച്ചിട്ടില്ല, ഇനി സംഭവിക്കുകയുമില്ല. സ്‌നേഹ പരിചരചരണത്തിനുള്ള അതേ വികാരം, സന്തോഷം, അനുകമ്പ, അഭിനിവേശം എല്ലാം ഇന്നും ആരോഗ്യവത്തായി നിലനില്‍ക്കുന്നു.
അതിന് ഒരേയൊരു കാരണമേയുള്ളു. വിളക്കേന്തിയ വനിത, ഫ്‌ളാറന്‍സ് നൈറ്റിങ്‌ഗേല്‍ നമുക്ക് സമാമനിച്ച സഹജീവി സ്‌നേഹത്തിന്റെ സേവന പാഠമാണത്…പ്രചോദനത്തിന്റെ കരുത്താണ്. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് രംഗപ്രവേശശം ചെയ്യുകയും ആധുനിക നേഴ്‌സിങ്ങിന് അസ്ഥിവാരമിടുകയും ചെയ്ത നൈറ്റിങ്‌ഗേലിന്റെ പരിചരണപ്രതിജ്ഞ ചൊല്ലി ലോകമെമ്പാടും കോടിക്കണക്കിന് പുരുഷ-സ്ത്രീ നേഴ്‌സുമാര്‍ കര്‍മനിരതരാണ്.
നഓരോ നേഴ്‌സസ് ഡേയും വാരാഘോഷവും ഹൃദയപൂര്‍വം സമാരംഭിക്കുന്നത് ഒരു ചിത്രശലഭത്തെപ്പോലെ പാറിക്കളിക്കുന്ന ഫ്‌ളോറന്‍സ് എന്ന മാലാഖയുടെ ഗതകാല സ്മരണയോടെയാണ്. അതേ, എല്ലാം നേഴ്‌സുമാരും എന്നോടൊപ്പം പറയുന്നു…”I am a happy nurse and I am a proud nurse…”
(Job Netticattel… Operating Theater at Brookdale Hospital, Brooklyn , New York from 1991 to 2018 7 am to 7.30 pm. Emergency Department at Interfaith Medical Center , Brooklyn, New York from 1995 to 2018 7 pm to 7.30 am.)