ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹൗസ് സ്പീക്കറും, ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ നാന്‍സി പെലോസിക്ക് വിശുദ്ധ കുര്‍ബാന വിലക്കിയ സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറ കോര്‍ഡിലിയോണിക്ക് പിന്തുണയുമായി അമേരിക്കന്‍ മെത്രാന്മാര്‍ രംഗത്തെത്തി.
പ്രത്യക്ഷമായ മാരക പാപത്തില്‍ കഴിയുന്ന ആളുകള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്ന കാനോന്‍ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഭ്രൂണഹത്യ അനുകൂല നിലപാട് തുടര്‍ച്ചയായി സ്വീകരിക്കുന്ന നാന്‍സി പെലോസിക്ക് ആര്‍ച്ച് ബിഷപ്പ് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്കന്‍ മെത്രാന്‍സമിതിയിലെ ചില അംഗങ്ങള്‍ സാല്‍വത്തോറ കോര്‍ഡിലിയോണിക്ക് പിന്തുണ അറിയിച്ച് രംഗത്തുവരികയായിരിന്നു.
194 രൂപതകളും, അതിരൂപതകളുമാണ് അമേരിക്കയില്‍ മൊത്തം ഉള്ളത്. കാലിഫോര്‍ണിയ അതിരൂപതയിലെ അംഗമാണ് നാന്‍സി പെലോസി. സാധാരണയായി നാന്‍സി പെലോസി വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്ന സെന്റ് ഹെലനയില്‍ സ്ഥിതിചെയ്യുന്ന ഇടവകയുടെ ചുമതലയുള്ള വൈദികന് ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവ് അനുസരിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഇടവക ഇരിക്കുന്ന സാന്താ റോസ രൂപതയുടെ മെത്രാന്‍ റോബര്‍ട്ട് വാസ പറഞ്ഞു.
മാഡിസണ്‍ രൂപതയുടെ മെത്രാന്‍ ഡൊണാള്‍ഡ് ഹൈയിങ് സാല്‍വത്തോറ കോര്‍ഡിലിയോണിയെ പിന്തുണച്ച് പ്രസ്താവനയിറക്കി. ചെയ്യുന്ന മാരക പാപത്തെ പറ്റി സ്പീക്കറെ ബോധ്യപ്പെടുത്താന്‍ വേണ്ടി വീണ്ടും ഒരു ശ്രമം എന്ന നിലയിലാണ് വിശുദ്ധ കുര്‍ബാന വിലക്കിയതെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് തന്റെ പരസ്യ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ഹൈയിങ് ചൂണ്ടിക്കാട്ടി.