കൊച്ചി : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ശിവദാസനെന്ന് പൊലീസ് അറിയിച്ചു.
വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം.സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.
സമൂഹമാധ്യമത്തില്‍ മൂന്നു വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ മറയ്ക്കാനുള്ള വിപിഎന്‍ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു.