Thursday, December 12, 2024

HomeMain Storyജാമ്യവ്യവസ്ഥ ലംഘിച്ചെന്ന്; പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹൈകോടതിയെ സമീപിക്കുന്നു

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന്; പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹൈകോടതിയെ സമീപിക്കുന്നു

spot_img
spot_img

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹൈകോടതിയെ സമീപിക്കും. നിയമോപദേശം തേടിയ ശേഷമാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ജോര്‍ജ് അറിയിച്ചെങ്കിലും അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.

ഹൈകോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ്, ശബ്ദപരിശോധനക്ക് ഹാജരാകണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് ജോര്‍ജ് തൃക്കാക്കരയില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണവുമായി സഹകരിക്കാതെയുള്ള ജോര്‍ജിന്റെ നിലപാട് ജാമ്യവ്യവസ്ഥാ ലംഘനമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

നേരത്തേ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ജോര്‍ജ് ലംഘിച്ചിരുന്നു. വ്യവസ്ഥക്ക് വിരുദ്ധമായി വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി ജോര്‍ജിനെ പൂജപ്പുര ജയിലിലടച്ചു. ഹൈകോടതിയെ സമീപിച്ചാണ് അദ്ദേഹം ജാമ്യം നേടിയത്. പരസ്യപ്രസ്താവനകള്‍ പാടില്ല, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനക്ക് വിധേയനാകണം എന്നീ വ്യവസ്ഥകളാണ് ജോര്‍ജ് ലംഘിച്ചത്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകാനായിരുന്നു ഫോര്‍ട്ട് പൊലീസിന്റെ നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും നേരത്തേ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ തൃക്കാക്കരയില്‍ പോകണമെന്നുമാണ് ജോര്‍ജ് മറുപടി നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നുപറഞ്ഞ ആള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ ഷാജിക്ക് കത്തയച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലുമാണ് ചോദ്യം ചെയ്യലിന് വരാന്‍ വൈകിയതെന്ന് കത്തില്‍ പറയുന്നുണ്ട്. സമയവും സ്ഥലവും മുന്‍കൂട്ടി രേഖാമൂലം അറിയിച്ചാല്‍ ഉപകാരമാകുമെന്നും പറയുന്നു. എന്നാല്‍, ഇനി കോടതിയില്‍ കാണാമെന്ന നിലപാടിലാണ് പൊലീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments