മെല്‍ബണ്‍: മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് സിയന്ന വെയര്‍ (23) അന്തരിച്ചു. കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. 2022 മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന.
ഒരുമാസം മുന്‍പ് ഓസ്ട്രേലിയയില്‍ വിന്റ്‌സര്‍ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്‍ബലത്തോടെയാണ് ജീവന്‍നിലനിര്‍ത്തിയിരുന്നത്.
സിയന്നയുടെ വിയോഗത്തില്‍ അനുശോചിച്ച്, ഇവരുടെ മോഡലിംഗ് ഏജന്‍സി സ്‌കൂപ്പ് മാനേജ്മന്റ്, അവരുടെ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ‘ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍’- എന്ന അടിക്കുറിപ്പോടെ പങ്കിട്ടിട്ടുണ്ട്.
2022ലെ ഓസ്‌ട്രേലിയന്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായതോടെയാണ് സിയന്ന ശ്രദ്ധിക്കപ്പെടുന്നത്. സിഡ്നി സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.