ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മലയാളികളായ കെ.ജെ.ജോര്‍ജും, യു.ടി.ഖാദറും മന്ത്രിമാരായേക്കും.
കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ 25 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിസഭയില്‍ 34 പേരെയാണ് പരമാവധി ഉള്‍പ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.
മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താകും മന്ത്രിമാരെ നിശ്ചയിക്കുക. ജി.പരമേശ്വര, എം.ബി.പാട്ടീല്‍, കെ.എച്ച്.മുനിയപ്പ, രാമലിംഗ റെഡ്ഡി, സതീഷ് ജര്‍ഖിഹോളി, ആര്‍.വി.ദേശ്പാണ്ഡേ, ലക്ഷ്മണ്‍ സാവദി, പ്രിയങ്ക് ഖര്‍ഗെ, മലയാളികളായ കെ.ജെ.ജോര്‍ജ്, യു.ടി.ഖാദര്‍ എന്നിവരടക്കം 25 പേര്‍ക്കു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന.