തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു. 1.68 കോടി പുരുഷന്‍മാരും 1.82 കോടി സ്ത്രീകളും ഉള്‍പ്പടെ ആകെ 3,51,56,007 ആയി.
2011 ലെ സെന്‍സസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍ കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ ജനസംഖ്യാക്കണക്ക്. മുന്‍ വര്‍ഷം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ.
കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്. 10 വര്‍ഷം മുന്‍പ് 1000 പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇന്നത് 12 ആയി താഴ്ന്നു.
മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ല്‍ 7.17ല്‍ നിന്ന് ഒറ്റയടിക്ക് 9.66 ആയി ഉയര്‍ന്നു. കോവിഡ് മൂലമുണ്ടായ മരണങ്ങളാണ് ഇതിനു കാരണം.
2020 ല്‍ കേരളത്തില്‍ 4.46 ലക്ഷം പേര്‍ ജനിച്ചപ്പോള്‍ 2021 ല്‍ ഇത് 4.19 ലക്ഷമായി കുറഞ്ഞു. മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തില്‍ നിന്ന് 3.39 ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. 2021 ല്‍ മരിച്ചവരില്‍ 54.76% പേര്‍ പുരുഷന്‍മാരും 45.24% പേര്‍ സ്ത്രീകളുമാണ്. മരണ നിരക്കില്‍ മുന്നില്‍ പത്തനംതിട്ട ജില്ലയാണ് (12.96). കുറവ് മലപ്പുറത്തും (6.26).
സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.56 ല്‍ നിന്ന് 1.46 ആയി കുറഞ്ഞു. ദേശീയ തലത്തില്‍ 2.05 ആണ് പ്രത്യുല്‍പാദന നിരക്ക്. 2021 ല്‍ 54.21% സ്വാഭാവിക പ്രസവങ്ങള്‍ നടന്നപ്പോള്‍ 42.67% സിസേറിയനായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് 25 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളില്‍ 36.35% ഈ പ്രായക്കാരുടേതാണ്. ശിശുമരണ നിരക്ക് 5.13 ല്‍ നിന്ന് 5.05 ആയി കുറഞ്ഞു.