വാഷിംഗ്ടണ്‍: 10 വര്‍ഷം കൊണ്ട് ഇന്ത്യ നിര്‍ണായക ശക്തിയായതായി അമേരിക്കന്‍ കമ്പനി മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍, ലോകക്രമത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്തെത്തി. ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയുടെ പ്രധാന ഘടകമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കോര്‍പറേറ്റ് നികുതിയില്‍ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു.
ജിഡിപിയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധിച്ചുവരുന്ന വിഹിതം സമ്പദ്വ്യവസ്ഥയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്സിഡി കൈമാറ്റം, പാപ്പരത്ത നടപടികളിലെ മാറ്റം, വിദേശനിക്ഷേപത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, കോര്‍പറേറ്റ് ലാഭത്തിന് സര്‍ക്കാര്‍ പിന്തുണ, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം എന്നിവയാണ് മറ്റ് സുപ്രധാന മാറ്റങ്ങള്‍.
”ഇന്നത്തെ ഇന്ത്യ 2013-ല്‍ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമാണ്. 10 വര്‍ഷം കൊണ്ട് വിപണിയില്‍ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇന്ത്യ ലോകക്രമത്തില്‍ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായി. ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയില്‍ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.” റിപ്പോര്‍ട്ട് പറയുന്നു
ജിഡിപിയിലെ ഉല്‍പാദന, മൂലധന ചെലവുകളുടെ ശതമാനം തുടര്‍ച്ചയായി വര്‍ധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.