തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ കൊടുമുടിയില്‍ നിന്ന് കേരളം താഴേക്ക് ഇറങ്ങുകയാണ്. കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമ്പൂര്‍ണ അടച്ചിടലാണ് രോഗവ്യാപനം കുറയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്താന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെയാണ്. ടി.പി.ആര്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ 15 ശതമാനത്തിന് താഴെ നിയന്ത്രിക്കാന്‍ സാധിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പരിഗണിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അങ്ങനെയെങ്കില്‍ ഈ തോതില്‍ വ്യാപന നിരക്ക് ക്രമമായി കുറയ്ക്കാനായാല്‍ മൂന്നോ നാലോ ദിവസത്തിനിടെ ഇത് 10 ശതമാനത്തില്‍ താഴെ എത്തിക്കാമെന്നും, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.
ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യ ദിവസം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമായിരുന്നു. ഇത് പിന്നീട് 29.72 ശതമാനത്തില്‍ വരെയെത്തി. ഗുരുതരമായ സാഹചര്യത്തില്‍ നിന്നും കടുത്ത നിയന്ത്രണങ്ങളാണ് ടി.പി.ആര്‍ 15 ശതമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം അതായത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം 14.82, 14.89, 14.27 എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ ജൂണ്‍ 9 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 8ന് ആരംഭിച്ച ലോക്ക്ഡൗണ്‍ പിന്നീട് രണ്ട് തവണ കൂടി നീട്ടുകയായിരുന്നു. ഇതിനിടയില്‍ ചില നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയെങ്കിലും ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ലോക്ക്ഡൗണ്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്ന ബുധനാഴ്ച വരെയാണ് കടുത്ത നിയന്ത്രണങ്ങള്‍. ഇത് പെട്ടെന്ന് രോഗവ്യാപനം പിടിച്ചുകെട്ടാനുള്ള നടപടിയായിട്ടാണ് കാണുന്നത്.
പോസിറ്റിവിറ്റി 10 ശതമാനത്തില്‍ താഴെയെത്തിയാല്‍ ലോക്ക് ഡൗണില്‍ കാര്യമായ ഇളവുകള്‍ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും, പരിധി വിട്ടുള്ള ഇളവുകള്‍ ഉടന്‍ അനുവദിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുക്കും.
വ്യാപനം അതിവേഗം നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും, സാധാരണ ജനങ്ങളുടെ ജീവിതത്തിനും വരുമാനത്തിനും പൂട്ടിടുന്ന ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാവില്ല. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലേക്ക് എത്തിക്കാനായാല്‍ അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അനുഗ്രഹമായിരിക്കും.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം കോവിഡ് വ്യാപനതോതും ലോക്ക്ഡൗണും ചര്‍ച്ച ചെയ്യും.