ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
അതേസമയം ചികിത്സയിലായിരുന്ന 1,32,062 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുകയാണ്. എന്നാല്‍ മരണസംഖ്യയില്‍ ഇപ്പോഴും ആശങ്ക തുടരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് മാത്രം 3303 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിദിന മരണസംഖ്യ ആറായിരത്തിന് മുകളില്‍ വരെ എത്തിയിരുന്നു.
ആഗോള തലത്തില്‍ തന്നെ രാജ്യത്ത് ഇത്രയുമധികം മരണങ്ങള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇന്ത്യയില്‍ ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,70,384 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10,26,159 പേര്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിന്റെ അവസാന നാളുകളിലേക്ക് കടന്നതായി വിദഗ്ധര്‍ പറയുന്നു. 25,31,95,048 പേര്‍ ഇതുവരെ ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം പിന്നിട്ടു.
വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്. പതിനാറ് കോടി പേര്‍ രോഗമുക്തി നേടി. അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്.