കൊച്ചി: സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്.
എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിറ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റര്‍ ലൂസി. സിസ്റ്റര്‍ ലൂസിയ പുറത്താക്കാന്‍ നേരത്തെ എഫ്.സി.സി തീരുമാനമെടുത്തിരുന്നു.
ഇതേ തുടര്‍ന്ന് ലൂസി കളപ്പുര വത്തിക്കാന്‍ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു. സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ പരമോന്നത സഭാ കോടതി അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്.സി.സി ആലുവ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് എഫ്.സി.സി അംഗങ്ങളായ തന്യാസ്ത്രീകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ചൂണ്ടികാണിക്കുന്നു.
കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ പരസ്യമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ദിവസങ്ങളോളം നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി സമരവേദിയില്‍ എത്തുകയും മാധ്യമങ്ങളില്‍ അടക്കം ലേഖനം എഴുതുകയും ചെയ്തിരുന്നു.
ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയോട് സന്യാസിനി സഭാ നേതൃത്വം വിശദീകരണം തേടിയിരുന്നു. സിസ്റ്റര്‍ ലൂസി ഇതിന് വിശദീകരണം നല്‍കിയെങ്കിലും എഫ്.സി.സി അധികൃതര്‍ ഇത് അംഗീകരിച്ചിരുന്നില്ല.
തുടര്‍ന്നാണ് ഇതുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൂസി കളപ്പുരയെ പുറത്താക്കാനുള്ള നടപടി തുടങ്ങിയത്. ഇതിനെതിരെ ലൂസി വത്തിക്കാനിലെ സഭാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം വത്തിക്കാന്‍ നടപടിക്കെതിരെ ലൂസി കളപ്പുരയും പ്രതികരണവുമായി രംഗത്തുവന്നു.
തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്നും ഇത് സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവര്‍ പ്രതികരിച്ചു. മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്നും അവര്‍ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരിച്ചു.