സതാംപ്ടണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിച്ച് ഒരുങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് പ്രേമികളുടെ മനസിപ്പോള്‍ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ്. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും.
ജൂണ്‍ 18 വെള്ളിയാഴ്ച മുതല്‍ക്ക് റോസ്ബൗള്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. അതേസമയം മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസര്‍വ് ദിനത്തിലും സതാംപ്ടണില്‍ മഴ ഭീഷണിയുണ്ട്. ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാനാണ് ഐ.സി.സിയുടെ തീരുമാനം.
ഇന്ത്യയും ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ മത്സരഫലം പ്രവചനാതീതമാണ്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ കടുത്ത ക്വാറന്റീനും പൂര്‍ത്തിയാക്കി, പരിശീലന മത്സരം പോലും കളിക്കാതെയാണ് കോലിപ്പട കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്.
ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമാകും സതാംപ്ടണില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. നായകന്‍ വിരാട് കോലിയും രഹാനെയും പൂജാരയും റിഷഭ്പന്തും അടങ്ങുന്ന ബാറ്റിംഗ് നിര മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചാല്‍ ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ കെട്ടിപ്പൊക്കാം.
ഇംഗ്ലീഷ് കാലാവസ്ഥയില്‍ ഒരു പേസറെ കൂടി ഉള്‍പ്പെടുത്താതെ 2 സ്പിന്നേഴ്‌സിനെ കളിപ്പിക്കുന്നത് എത്രത്തോളം വിജയമാകുമെന്ന് കണ്ടറിയണം. ടീമിലെ മൂന്നാം പേസറായി മുഹമ്മദ് സിറാജിന് പകരം ഇഷാന്ത് ശര്‍മ ടീമില്‍ ഇടം കണ്ടെത്തി. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിന്‍ അശ്വിനും ടീമിലുണ്ട്.
പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തില്‍ നേടിയ വിജയം കീവീസ് ടീമിന്റെ കിരീട പ്രതീക്ഷക്ക് തിളക്കമേകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യം പൊതുവെ ന്യൂസിലന്റി ക്രിക്കറ്റ് ടീമിന് അനുകൂലമാണ്. ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ടോം ബ്ലണ്ടല്‍, ഡെവോണ്‍ കോണ്‍വെ, മാറ്റ് ഹെന്റി, വില്‍ യങ്, അജാസ് പട്ടേല്‍ എന്നിവര്‍ ഫൈനലില്‍ കളിക്കുന്ന ന്യൂസിലണ്ട് ടീമിലുണ്ട്.
പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി ന്യൂസീലന്‍ന്റും ഫൈനലിലെത്തി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമികഘട്ടത്തില്‍ ഇന്ത്യ കളിച്ച 17 ടെസ്റ്റുകളില്‍ 12ല്‍ ജയിച്ചു. നാലു തോല്‍വി. ന്യൂസീലന്‍ഡ് 11 ടെസ്റ്റില്‍ ഏഴില്‍ ജയിച്ചു. നാലു തോല്‍വി.
ഫൈനല്‍ ജൂണ്‍ 18 മുതല്‍ 22 വരെ. 23-ാം തീയതി റിസര്‍വ് ഡേ. ആദ്യ അഞ്ചുദിവസത്തിനിടെ കളി മുടങ്ങിയാല്‍ റിസര്‍വ് ഡേ ഉപയോഗിക്കാം. ജേതാക്കള്‍ക്ക് 11.85 കോടി രൂപയാണ് സമ്മാനം. റണ്ണറപ്പിന് 5.92 കോടി രൂപ. ഇന്ത്യയെ നയിക്കുന്നത് വിരാട് കോലി, ന്യൂസീലന്റിന്റെ നായകന്‍ കെയ്ന്‍ വില്യംസണ്‍. അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസീലന്റ്് ഒന്നാമതും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമത്, വിരാട് കോലി നാലാമത്.
ഇന്ത്യയുടെ അന്തിമ ഇലവന്‍ ഇതാണ്…
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രാഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.