Friday, January 17, 2025

HomeMain Storyതിരുവനന്തപുരം എയര്‍പോര്‍ട്ട് ഏറ്റെടുക്കാന്‍ സമയം വേണമെന്ന് അദാനി

തിരുവനന്തപുരം എയര്‍പോര്‍ട്ട് ഏറ്റെടുക്കാന്‍ സമയം വേണമെന്ന് അദാനി

spot_img
spot_img

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ ഡിസംബര്‍ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി.

കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാരണമാണ് ഏറ്റെടുക്കല്‍ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയ്പൂര്‍, ഗുവഹാത്തി, വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പിന്റെ ആവശ്യം ഈ മാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജനുവരി 19 ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം 180 ദിവസത്തിനുള്ളില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈമാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നല്‍കിയത്.

ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ആവശ്യമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ്, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കരാറില്‍ ആറ് മാസംവരെ ഏറ്റെടുക്കല്‍ നീട്ടി നല്‍കാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത.

അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആറുമാസത്തെ അധിക സമയം അനുവദിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ തൊഴിലാളി സംഘടനയും നല്‍കിയ ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments