ന്യൂഡല്‍ഹി: രാജ്യത്തെ സിനിമ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കി പുറത്തിറക്കിയാല്‍ ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും ശുപാര്‍ശ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട കരട് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഈ കരട് ബില്ലില്‍ കേന്ദ്രം ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. ജൂലായ് മാസം രണ്ടാം തീയതിക്കുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജ പതിപ്പ് നിര്‍മ്മിച്ചാല്‍ മൂന്ന് മാസം വരെ തടവും മൂന്ന് ലക്ഷം പിഴ ശിക്ഷ, പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ്, പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇതിനകം സെന്‍സറിംഗ് ചെയ്ത ഒരു സിനിമ വീണ്ടും പരിശോധിത്താന്‍ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുക എന്നീ നിയമങ്ങളാണ് പുതിയ കരടില്‍ ഉള്‍പ്പെടുന്നത്.
നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.
ഈ ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പെന്ന് പരാതി ലഭിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ കേന്ദ്ര സര്‍ക്കാരിന് പുനപരിശോധിക്കാനാവും.
അതേസമയം, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനപരിശോധിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യം സുപ്രീം കോടതിയും അംഗീകരിച്ചിരുന്നു. 2000 നവംബറിലായിരുന്നു ഇത്. ഇതിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രം ഭേദഗഗതി കൊണ്ടുവരുന്നത്.