Friday, January 17, 2025

HomeMain Storyജൂലൈ 1 ഡോക്ടേഴ്‌സ് ഡേ: ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനം; വീണാ ജോര്‍ജ്‌

ജൂലൈ 1 ഡോക്ടേഴ്‌സ് ഡേ: ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനം; വീണാ ജോര്‍ജ്‌

spot_img
spot_img

തിരുവനന്തപുരം: നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണെന്നും ഒന്നര വര്‍ഷക്കാലമായി നമ്മുടെ ഡോക്ടര്‍മാര്‍ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍.

എല്ലാ ഡോക്ടര്‍മാരേയും ഈ ഡോക്ടേഴ് ദിനത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഡോ. ബി സി റോയുടെ സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും ഡോക്ടര്‍മാരില്‍ ഏറ്റവും പ്രതിഫലിച്ച് കണ്ട കാലം കൂടിയാണിത്.

1882 ജൂലൈ ഒന്നിന് ജനിച്ച് 1962 ജൂലയ് ഒന്നിന് മരണമടഞ്ഞ ഡോ. ബി.സി റോയുടെ സ്മരണാര്‍ത്ഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്.

ബംഗാള്‍ മുഖ്യമന്ത്രിയും ഐ.എം.എയുടെ ദേശീയ പ്രസിഡന്റും കൂടിയായിരുന്നു ഡോ. ബി.സി റോയ്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഈ പ്രത്യേക സാഹചര്യത്തില്‍ പോലും മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്.

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4ല്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടര്‍മാരുടേയും പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ സമൂഹം പുനര്‍വിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍.

അവര്‍ക്കെതിരായ ഒരക്രമവും പൊറുക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ മനസ് തളര്‍ത്തുന്ന രീതിയില്‍ ആരും പെരുമാറരുത്. കാരണം നമ്മള്‍ക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ മാറുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കണം. അതിനാല്‍ തന്നെ ഡോക്ടര്‍മാരെ സംരക്ഷിക്കേണ്ടത് സര്‍കാരിന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണ്. നമ്മുടെ സര്‍കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്.

ഡോക്ടര്‍മാര്‍ക്കെതിരേയും ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരേയും നടത്തുന്ന അതിക്രമങ്ങള്‍ സമൂഹം ശക്തമായി പ്രതിരോധിക്കേണ്ടതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments