ന്യൂഡല്‍ഹി : ഗര്‍ഭകാലത്തു നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുകള്‍ പൂര്‍ണമായും തെറ്റായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍, വൈകല്യവുമായി പിറന്ന കുട്ടിക്കും രക്ഷിതാക്കള്‍ക്കും 1.25 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. നാഗ്പുരിലെ ഇമേജിങ് പോയിന്റ് എന്ന സ്ഥാപനത്തിനെതിരെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റേതാണു സുപ്രധാനവിധി.
4 തവണ അള്‍ട്രാസൗണ്ട് പരിശോധന നടത്തിയിട്ടും കുട്ടിയുടെ അവസ്ഥ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതും ഇതുകൊണ്ടാണ് ജന്മനാ വൈകല്യങ്ങളുമായി കുട്ടി ജനിക്കാന്‍ കാരണമെന്നും സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനുള്ള അവസരം നഷ്ടമായെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൂര്‍ണമായും കൈവിരലുകള്‍ ഇല്ലാതെയും ഇരുകാലുകള്‍ക്കും ഗുരുതര വൈകല്യങ്ങളുമായാണ് കുട്ടി 2006ല്‍ ജനിച്ചത്. ഗര്‍ഭിണിയായി 1718 ആഴ്ച പിന്നിട്ടഘട്ടത്തില്‍ നടത്തിയ പരിശോധനയിലും ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയുടെ ഭാവി, ചികിത്സച്ചെലവുകള്‍, ശസ്ത്രക്രിയ എന്നിവ മുന്നില്‍ക്കണ്ടാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നു ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍, ഡോ. എസ്.എം. കാന്തികാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തുക കുട്ടിയുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടാനാണ് ഉത്തരവ്. കുട്ടിയുടെ പ്രതിമാസ ചെക്കപ്പിനും മറ്റും പലിശ രക്ഷിതാക്കള്‍ക്കു പിന്‍വലിക്കാം. പുറമേ, കോടതി ചെലവിലേക്ക് 1 ലക്ഷം പ്രത്യേകം നല്‍കാനും ഉത്തരവുണ്ട്.