കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഉമ തോമസിന് വ്യക്തമായ ലീഡ്. ആദ്യ രണ്ടു റൗണ്ടില്‍ 2021ല്‍ പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ ലീഡ്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടില്‍ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ മേശകളിലേക്കു മാറ്റി. എട്ടിനു യന്ത്രങ്ങളുടെ സീല്‍ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂര്‍ണ റൗണ്ടുകള്‍; തുടര്‍ന്ന് അവസാന റൗണ്ടില്‍ 8 യന്ത്രങ്ങള്‍. ആദ്യ 5 റൗണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കില്‍ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാല്‍ മതി.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.