കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന് ലഭിച്ചിരിക്കുന്നത് 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളേപ്പോലും മറികടന്നുകൊണ്ടാണ്. ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് റൗണ്ടുകളില്‍ പി.ടി തോമസിന് ലഭിച്ച ലീഡ് യഥാക്രമം 1258, 1180, 693 എന്നിങ്ങനെയാണ്. ഇത് മറികടന്നുകൊണ്ട് മണ്ഡലത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന സൂചനയാണ് വോട്ടെണ്ണല്‍ നല്‍കുന്നത്. 2197, 2290, 1531 എന്നിങ്ങനെയാണ് ആദ്യ മൂന്ന് റൗണ്ടുകളില്‍ ഉമയുടെ ലീഡ്. അതായത് ഈ ഘട്ടത്തില്‍ 3131 വോട്ടുകളുടെ ലീഡ് പി.ടി നേടിയപ്പോള്‍ 6018 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്. ഇത്തരത്തിലൊരു മുന്നേറ്റം യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം.
എല്‍ഡിഎഫിന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് അഞ്ചാം റൗണ്ടില്‍ മാത്രമാണ്. എന്നാല്‍, നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയ്ക്ക് വകയില്ല. ഭൂരിപക്ഷം പി.ടി നേടിയതിന് മുകളില്‍ പോകും എന്ന് ഉറപ്പിക്കാവുന്ന ഈ ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തിമിര്‍പ്പിലാണ്. വിജയമുറപ്പിച്ച് പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു.