(ഇന്ന് ബാലപീഡന വിരുദ്ധദിനം)
തിരുവനന്തപുരം: ഇന്ന് ബാലപീഡന വിരുദ്ധദിനം. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്.
ഇടുക്കി ജില്ലയിലാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതല്‍. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി കേസുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവജാത ശിശു ഉള്‍പ്പെടെ നാല് കുട്ടികളാണ് മൂന്നുവര്‍ഷത്തിനിടെ ജില്ലയില്‍ കൊല്ലപ്പെട്ടത്.
ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ വിവിധ അതിക്രമ കേസുകളുമായി ബന്ധപ്പെട്ട് 2021ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 220 കേസുകളാണ്. മറ്റ് അതിക്രമ പരാതികള്‍ മുന്നൂറിലധികം വരും. രണ്ടരവര്‍ഷത്തിനിടെ 24 കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയത്. മിക്ക കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതി സ്ഥാനത്ത്.
ശൈശവ വിവാഹം, ബാലവേല എന്നിവക്കും കുട്ടികള്‍ ഇരയാകുന്നുണ്ട്. വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടക്കുകയാണ്. മൂന്നാര്‍ ഗുണ്ട് മലയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നുവര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അടുത്തിടെ നെടുങ്കണ്ടം താലൂക്കില്‍ ശൈശവ വിവാഹങ്ങള്‍ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ നിരീക്ഷണത്തിന് ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്.
ഇതിന് പുറമെ പൊലീസും വനിത സംഘടനകളും സംയുക്തമായി ബോധവത്കരണമടക്കം നടത്തുന്നുണ്ട്.