കീവ് : ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം യുക്രെയ്ന്‍ തലസ്ഥാനനഗരമായ കീവില്‍ റഷ്യയുടെ മിസൈലാക്രമണം. യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കിയ ടാങ്കുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു റഷ്യ വ്യക്തമാക്കി.
എന്നാല്‍ ട്രെയിന്‍ അറ്റകുറ്റപ്പണിശാലയിലാണു മിസൈലുകള്‍ പതിച്ചതെന്നും അവിടെ ടാങ്കുകള്‍ ഇല്ലായിരുന്നുവെന്നും യുക്രെയ്ന്‍ പ്രതികരിച്ചു.
മിസൈല്‍ സംവിധാനം നല്‍കിയാല്‍ തിരിച്ചടിയുണ്ടാവുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയായ ഡോണ്‍ബാസിലേക്ക് റഷ്യന്‍ സേന കേന്ദ്രീകരിച്ചതോടെ ആഴ്ചകളായി കീവ് ശാന്തമായിരുന്നു. കടകളും ബാറുകളും തുറന്നുപ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. കീവിന്റെ കിഴക്കന്‍ മേഖലയിലെ രണ്ടു കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിക്കുന്നതിന്റെയും ഉഗ്രസ്‌ഫോടനങ്ങളുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഒഡേസ തുറമുഖത്തു ആയുധങ്ങളുമായി പോയി യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു. ഒഡേസയ്ക്കു സമീപമുള്ള മൈക്കലോവ് തുറമുഖനഗരത്തിലും റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി.
അതേസമയം, പോയ ദിവസങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന കിഴക്കന്‍ മേഖലയിലെ റഷ്യയുടെ സേനാനീക്കം നിലച്ചുവെന്നാണു റിപ്പോര്‍ട്ട്. റഷ്യ ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്ത സീവിയറോഡോണെറ്റ്‌സ്‌കിന്റെ പകുതിയോളം തിരിച്ചുപിടിച്ചെന്നും യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. ദീര്‍ഘ ദൂര മിസൈലുകള്‍ യുക്രെയ്‌നിനു നല്‍കുന്നതു തുടര്‍ന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കി.
വന്‍ പ്രഹരശേഷിയുള്ള മിസൈല്‍ സംവിധാനം അടക്കം നവീന ആയുധങ്ങള്‍ യുക്രെയ്‌നിനു നല്‍കുമെന്ന് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്‌നിനു പാശ്ചാത്യശക്തികള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതു പുതിയ കാര്യമല്ലെങ്കിലും 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ സംവിധാനം നല്‍കിയാല്‍ തിരിച്ചടിയുണ്ടാവുമെന്നു പുട്ടിന്‍ പറഞ്ഞു.