ന്യൂയോര്‍ക്ക്: ബ്രൂക്ലിനിലെ ഹൈസ്കൂളില്‍ വെടിവെപ്പ് നടത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ വിദ്യാര്‍ഥിയാണെന്ന് അവകാശപ്പെടുന്ന ആളാണ് ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ തത്സമയം ഇന്‍സ്റ്റാഗ്രാമില്‍ സംപ്രേക്ഷണം ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വെടിവെപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതിനെ കുറിച്ചുള്ള വിശദമായ കുറിപ്പും പോസ്റ്റിലുണ്ട്.
ക്ലാസ് മുറികളിലും ഇടനാഴികളിലും വെടിവെപ്പ് നടത്തുമെന്നും കുറഞ്ഞത് 30 പേരെയെങ്കിലും കൊല്ലുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം മറ്റൊരു സ്കൂളിലെ ജീവനക്കാരനും സമാനരീതിയില്‍ വെടിവെപ്പ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി.
ടെക്സാസിലെ റോബ് എലിമെന്ററി സ്കൂളില്‍ വെടിവെപ്പ് നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പുതിയ ആക്രമണ ഭീഷണികള്‍ ഉയരുന്നത്. 18കാരനായ സാല്‍വഡോര്‍ റാമോസ് നടത്തിയ വെടിവെപ്പില്‍ 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെയും ലോങ് ഐലന്‍ഡിലെയും സ്കൂളുകളെ ലക്ഷ്യമിട്ട് നിരവധി ഭീഷണികള്‍ ഉണ്ടായതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.