ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കിയ നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശം, അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രധാന പങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബിനും ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനും വ്യാപക വധഭീഷണി.
ഇരുവര്‍ക്കും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വധഭീഷണി ലഭിക്കുന്നത്. ലൈംഗികമായി അധിക്ഷേപിക്കുന്ന നിരവധി കമന്റുകളും ബലാത്സംഗ ഭീഷണിയും റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിറയുന്നുണ്ട്. 10 ദിവസം മുമ്പ് ടൈംസ് നൗ ചാനലിലൂടെ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദയുടെ വിഡിയോ ലിങ്ക് മുഹമ്മദ് സുബൈര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
നിരവധി പേര്‍ ഇത് പങ്കുവെക്കുകയും വിമര്‍ശനം ഉയരുകയും ചെയ്തതോടെ വിഡിയോ ടൈംസ് നൗ ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെ, ടി.വി ചര്‍ച്ച മൊബൈലില്‍ റെക്കോഡ് ചെയ്ത വിഡിയോ റാണ അയ്യൂബ് ട്വിറ്ററില്‍ പങ്കുവെച്ചു. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. റാണയുടെയും സുബൈറിന്റെയും ട്വിറ്റര്‍ വിഡിയോകള്‍ അന്തര്‍ദേശീയ തലത്തിലെ പല പ്രമുഖരും പങ്കുവെക്കുകയുണ്ടായി.