ന്യൂഡല്‍ഹി: പ്രവാസികള്‍ക്കു വിദൂര വോട്ടിങ് അനുവദിക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷന്‍ സജീവമായി പരിഗണിക്കുന്നു. ഇതു പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. സ്വന്തം നാടുവിട്ടു മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനും വോട്ടിങ് ശതമാനം കൂട്ടുന്നതിനും വിദൂര വോട്ടിങ്ങിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നു കമ്മിഷന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്വന്തം നാട്ടില്‍നിന്നു മറ്റിടങ്ങളിലെത്തുന്ന വോട്ടര്‍മാര്‍ക്കു തിരിച്ചു ചെന്ന് വോട്ടു ചെയ്യല്‍ ബുദ്ധിമുട്ടാണെന്ന് കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ പൈലറ്റ് അടിസ്ഥാനത്തിലെങ്കിലും വിദൂര വോട്ടിങ് പരിഗണിക്കേണ്ട സമയമായിരിക്കുന്നു. പ്രവാസികളായ വോട്ടര്‍മാരുടെ വിഷയങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കും. രാഷ്ട്രീയപാര്‍ട്ടികളുമായി അതിനു ശേഷം ചര്‍ച്ച നടത്തും.
വിദൂരസ്ഥലങ്ങളിലെ പോളിങ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പു ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ വേതനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ഉത്തരാഖണ്ഡിലെ ഒരു വിദൂര പോളിങ് ബൂത്തില്‍ കഴിഞ്ഞ ദിവസം ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ രാജീവ് കുമാര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇവിഎം വിവിപാറ്റ് മെഷീനുകള്‍ക്കു കൂടുതല്‍ സുരക്ഷിതമായ കവറുകള്‍ തയാറാക്കാനും കമ്മിഷന്‍ തീരുമാനിച്ചു. അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ വോട്ടിങ് മെഷീന്‍ പ്രവര്‍ത്തനരഹിതമാകുന്ന വിധത്തിലാണ് അവ സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.