ന്യൂഡല്‍ഹി : മതവിദ്വേഷം ഉയര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനു നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡല്‍, എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി, മാധ്യമപ്രവര്‍ത്തക സബാ നഖ്വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2 എഫ്ഐആറുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ നൂപുര്‍ ശര്‍മയെ മാത്രമാണു പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിലാണ് മറ്റു 31 പേര്.
പൊതുസമാധാനം തകര്‍ക്കുക, മതവിദ്വേഷം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ പോസ്റ്റുകള്‍ പങ്കുവച്ചവര്ക്കെതിരെയാണു കേസെന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അബ്ദുല്‍ റഹ്മാന്, ഗുല്‍സാര്‍ അന്‍സാരി, മൗലാന മുഫ്തി നദീം, വിവിധ സമൂഹമാധ്യമ കൂട്ടായ്മകള്‍ എന്നിവയെയെല്ലാം പ്രതിചേര്‍ത്തിട്ടുണ്ട്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
അതേസമയം, ഡല്‍ഹി പൊലീസ് നിഷ്പക്ഷരാണെന്നു കാട്ടാന്‍ അഭിനയിക്കുകയാണെന്ന് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. നുപുര്‍ ശര്‍മ്മയ്ക്കും യതി നരസിംഹാനന്ദയ്ക്കും എതിരെ പ്രതികരിക്കാന്‍ ഡല്‍ഹി പൊലീസ് മടിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് എഫ്ഐആര്‍ വൈകിയതെന്നും ലോക്സഭാംഗം കൂടിയായ ഉവൈസി ആരോപിച്ചു.