ന്യൂയോര്‍ക്ക്: 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതുകൊണ്ടാണ് താന്‍ പരാജയപ്പെട്ടതെന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം തള്ളിക്കളയുന്നതായി മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ് കോണ്‍ഗ്രസ് കമ്മിറ്റിക്കു മൊഴി നല്‍കി. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബര്‍ കണ്ടെത്തിയതിനോടു പൂര്‍ണമായി യോജിക്കുന്നതായും 2021 ജനുവരി 6ന് ക്യാപ്പിറ്റല്‍ ഹില്ലില്‍ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുന്‍പാകെ ഇവാന്‍ക വ്യക്തമാക്കി.
ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു കലാപം. ഇവാന്‍കയുടെ ഭര്‍ത്താവും ട്രംപ് ഭരണകാലത്ത് ഉപദേശകനുമായിരുന്ന ജറാഡ് കുഷ്‌നര്‍, അറ്റോര്‍ണി ജനറല്‍ വില്യം ബര്‍, പ്രചാരണ വക്താവ് ജയ്‌സന്‍ മില്ലര്‍ എന്നിവരും ട്രംപിന്റെ ആരോപണം നിഷേധിച്ചിരുന്നു.
ക്യാപ്പിറ്റല്‍ കലാപത്തില്‍ തലയ്ക്കു സാരമായ പരുക്കേറ്റ പൊലീസ് ഓഫിസര്‍ കാരലിന്‍ എഡ്വേഡ്‌സ്, തീവ്രവലതുപക്ഷ ‘പ്രൗഡ് ബോയ്‌സി’ന്റെ അക്രമ വിഡിയോ എടുത്ത സിനിമ നിര്‍മാതാവ് നിക്ക് ക്വസ്റ്റഡ് എന്നിവരും മൊഴി നല്‍കി. ക്രമക്കേട് ആരോപണത്തില്‍ നിന്ന് ട്രംപ് ഇതുവരെ പിന്‍വാങ്ങിയിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 58% പേരും ഇപ്പോഴും ഇതു വിശ്വസിക്കുന്നതായി ഈയിടെ നടന്ന ഒരു സര്‍വേയിലും കണ്ടെത്തിയിരുന്നു.