ധാക്ക: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മക്കെതിരെ ബംഗ്ലാദേശില്‍ ആയിരങ്ങള്‍ പങ്കെടുത്ത വന്‍ പ്രതിഷേധ റാലി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം നിരവധി ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. ജൂണ്‍ 16ന് ഇന്ത്യന്‍ എംബസി ഉപരോധിക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയെയും ഇന്ത്യന്‍ ഉല്‍പന്നങ്ങളെയും ബഹിഷ്‌കരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ തലസ്ഥാന നഗരമായ ധാക്കയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
രാജ്യത്തെ നിരവധി ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. സവാറില്‍ ജുമുഅ നമസ്‌കാരത്തിന് പ്രതിഷേധക്കാര്‍ ധാക്ക-അരിച്ച ഹൈവേ ഉപരോധിച്ചതായി ധാക്ക നോര്‍ത്ത് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അബ്ദുസലാം പറഞ്ഞു. മറ്റൊരു സംഘം ബിപയില്‍ നബിനഗര്‍-ചന്ദ്ര ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചു.
ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ പരാമര്‍ശം നടത്തിയത്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
പ്രതിഷേധം വര്‍ധിച്ചതോടെ നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി പ്രഖ്യാപിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും വെള്ളിയാഴ്ച വ്യാപക പ്രതിഷേധങ്ങള്‍ നടന്നു.