ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനല്ലെന്നും മറിച്ച് രാഹുല്‍ ഗാന്ധിയുടെ 2000 കോടി വരുന്ന സ്വത്ത് സംരക്ഷിക്കാനാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതിഷേധങ്ങള്‍ അന്വേഷണ ഏജന്‍സിയെ സമ്മര്‍ദത്തിലാക്കാനാണ്. അനധികൃത സമ്പത്ത് സംരക്ഷിക്കാനായി ഒരു രാഷ്ട്രീയ കുടുംബവും ഇതുവരെ അന്വേഷണ ഏജന്‍സികളെ സമ്മര്‍ദത്തിലാക്കിയിട്ടില്ല. അഴിമതി പുറംലോകമറിയുന്നത് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തെരുവുകള്‍ കീഴടക്കിയത്. ആരും നിയമത്തിന് അതീതരല്ല, രാഹുല്‍ ഗാന്ധി പോലും – സ്മൃതി പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനി 1930 ലാണ് പത്ര പ്രസിദ്ധീകരണത്തിനായി രൂപീകരിച്ചത്. ഇതില്‍ 5000 സ്വാതന്ത്ര്യ സമര സേനാനികള്‍ ഓഹരി പങ്കാളികളായിരുന്നു. എന്നാല്‍ കമ്പനി ഇപ്പോള്‍ ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലാണെന്നും സ്മൃതി വിവരിച്ചു.
ഇപ്പോള്‍ പത്ര പ്രസിദ്ധീകരണത്തിന് പകരം റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് നടക്കുന്നത്. 90 കോടി കടം വന്നതോടെയാണ് റിയല്‍ എസ്റ്റേറ്റിലേക്ക് തിരിയുന്നത്. 2010 ല്‍ അഞ്ച് ലക്ഷം രൂപ മൂലധനത്തില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ചു. അതില്‍ 75 ശതമാനം ഓഹരികളും രാഹുലിന്റെതാണ്. ബാക്കി അദ്ദേഹത്തിന്റെ മാതാവ് സോണിയ, കോണ്‍ഗ്രസ് നേതാക്കളായ മോതിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെതും. എ.ജെ.എല്ലിന്റെ ഒമ്പത് കോടി ഓഹരികള്‍ അതായത് ആകെ ഓഹരികളുടെ 99 ശതമാനവും യങ് ഇന്ത്യയിലേക്ക് മാറ്റി. കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചടക്കേണ്ടാത്ത വായ്പയായി എ.ജെ.എല്ലിന് 90 കോടി നല്‍കിയെന്നും സ്മൃതി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി ഫണ്ട് നല്‍കിയവര്‍ ആ പണം ഗാന്ധി കുടുംബത്തിലേക്ക് കൊണ്ടുപോകണമെന്ന് ഉദ്ദേശിച്ചിരുന്നോ എന്നും അവര്‍ ചോദിച്ചു.
കാരുണ്യ പ്രവര്‍ത്തികള്‍ മാത്രം ചെയ്യുന്നതിനുവേണ്ടി സംഘടനകള്‍ നിമിക്കുന്ന സെഷന്‍ പകാരമാണ് യങ് ഇന്ത്യ രുപീകരിച്ചത്. എന്നാല്‍ ഇത്ര കാലമായിട്ടും ഒരു കാരുണ്യ പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്ന് യങ് ഇന്ത്യ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.