പി പി ചെറിയാൻ
മേരിലാൻഡ് : മേരിലാൻഡ് വിക്കോമിക്കൊ കൗണ്ടി ഷെറിഫ് ഓഫിസ് ഡെപ്യൂട്ടി ഗ്ലെൻ ഹില്ലാർഡ് കുറ്റവാളിയെ പിന്തുടരുന്നതിനിടയിൽ വെടിയേറ്റു മരിച്ചു. ഇരുപതുവയസ്സുള്ള ഓസ്റ്റിൻ ഡേവിഡ്സൺ എന്ന കുറ്റവാളിയാണ് ഞായറാഴ്ച പൊലീസ് ഓഫിസറെ വെടിവച്ചു കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഓസ്റ്റിൻ.
ഞായറാഴ്ച വൈകിട്ട് പ്രതി അപ്പാർട്ട്മെന്റിൽ ഉണ്ടെന്നറിഞ്ഞാണ് പൊലീസ് ഓഫിസർ എത്തിയത്. പൊലീസിനെ കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഹില്ലാർഡിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഓസ്റ്റിനെ കണ്ടെത്താൻ 12 പൊലീസ് ഓഫിസർമാർ നടത്തിയ അന്വേഷണം ഫലപ്രദമായി.