കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി മകള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തതെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം. ക്ലിഫ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചക്കിടെ മകള്‍ വീണ വിജയന് ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യം മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്നും എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ഇത് നടന്നില്ലെന്നും സ്വപ്ന ആരോപിക്കുന്നു.
കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയതെന്നും ചെമ്പിന് സാധാരണയില്‍ കവിഞ്ഞ വലുപ്പമുണ്ടായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
വീണയുടെ ഐ ടി കമ്പനി ഷാര്‍ജയില്‍ തുടങ്ങാന്‍ സഹായം തേടി താനുമായി പല പ്രാവിശ്യം മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ക്ളിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും 164 സ്റ്റേറ്റ്മെന്റ് നല്‍കുന്നതിന് മുമ്പായി എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്ന നല്കിയ സത്യാവാങ്ങമൂലത്തില് പറയുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഈ സംഭാഷണങ്ങളിലെല്ലാം പങ്കാളികളായിരുന്നുവെന്നും സ്വപ്ന പറയുന്നു.