Thursday, December 5, 2024

HomeMain Storyഅഗ്‌നിപഥ്: വന്‍ പ്രതിഷേധം, തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു

അഗ്‌നിപഥ്: വന്‍ പ്രതിഷേധം, തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കടുക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ പ്രതിഷേധത്തിനിടെ ഒരാള്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു പൊലീസ് ആകാശത്തേയ്ക്കു വെടിയുതിര്‍ത്തിരുന്നു. മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. റെയില്‍വേ സ്റ്റേഷന്‍ കല്ലെറിഞ്ഞു തകര്‍ത്തു. ട്രെയിനുകള്‍ക്ക് ഉള്ളില്‍നിന്നു ചരക്കുസാധനങ്ങള്‍ പുറത്തേയ്ക്കു വലിച്ചിട്ട പ്രതിഷേധക്കാര്‍, ഇവ ട്രാക്കിലിട്ടു കത്തിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്തെ കടകള്‍ അടച്ചു.

ബിഹാറിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലുള്ള വീടിനു നേരേ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീടും ആക്രമിച്ചു. മധേപുരയില്‍ ബിജെപി ഓഫിസിനു തീയിട്ടു. മൊഹിദ്യുനഗറില്‍ ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് തീവച്ചു. ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ വച്ചുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബെഗുസരായ് ജില്ലയില്‍, വിദ്യാര്‍ഥികള്‍ ട്രെയിനിനു നേരേ കല്ലെറിഞ്ഞു. ദര്‍ഭംഗയില്‍ സ്‌കൂള്‍ ബസിനു നേരേ ആക്രമണമുണ്ടായി.

യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന്‍ പരിസരവും തകര്‍ത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരില്‍ ട്രെയിന്‍ അടിച്ചുതകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തകര്‍ത്തു. മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. ബംഗാളിലെ ഹൗറയിലും പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments