നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. ഇന്‍വെസ്റ്റ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപിക്കാന്‍ തയ്യാറാകും.
ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതില്‍ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഈ സമ്മേളനത്തിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യര്‍ഥിച്ചു.

പ്രവാസികളുടെ ഈ മഹാസംഗമത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി വലിയ പ്രയത്നങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോര്‍ക്ക ഡയറക്ടര്‍ ആര്.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളില്‍ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതല്‍ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചര്‍ച്ചചെയ്യണമെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ഡോ.എം.അനിരുദ്ധന് അഭിപ്രായപ്പെട്ടു.
25000ത്തോളം വിദ്യാര്‍ത്ഥികള്‍ നൂറോളം യൂണിവേഴ്സിറ്റികളിലായി വിദേശത്ത് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തെ കുറിച്ചും വേള്‍ഡ് എഡ്യുക്കേഷന്‍ ഹോള്‍ഡിംഗ് സിഇഒ വിദ്യാ വിനോദ് സംസാരിച്ചു.
പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചു നിന്ന മലയാളികള്‍ നവകേരള നിര്‍മ്മിതിയിലും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും അതെ മനോഭാവനത്തോടെ അണിനിരക്കണമെന്ന് മുഹമ്മദലി പറഞ്ഞു.
എട്ടാം ക്ലാസ് മുതല്‍ പാഠ്യപദ്ധതികളില്‍ നൂതന സാങ്കേതിക വിദ്യാഭ്യാസ മേഖല ഉള്‍പ്പെടുത്തണമെന്ന് അജിത് ബാലകൃഷ്ണന് പറഞ്ഞു. എം.പിമാരായ എളമരം കരീം, ജോസ് കെ മാണി, പി സന്തോഷ്കുമാര്‍, എന്‍.എസ് മാധവന്, എം.പി, എ.വി അനൂപ് എന്നിവര്‍ സംസാരിച്ചു.