തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്) നിയമത്തിന് ഇന്ന് 10 വയസ്സ്.
ഇത്തരം കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കുകയും വേണമെന്നാണു നിയമമെങ്കിലും 5 വര്‍ഷത്തിനു ശേഷവും വിചാരണ ആരംഭിക്കാത്ത നൂറുകണക്കിനു കേസുകളാണു സംസ്ഥാനത്തുള്ളത്.
വ്യക്തമായ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്ത സംഭവങ്ങള്‍ വേറെ. 3 വര്‍ഷം തുടര്‍ച്ചയായി തന്നെ പീഡിപ്പിച്ച പിതാവിനെ 4 വര്‍ഷമായിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ റെസ്‌ക്യൂ ഹോമില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിനി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
1142 കേസുകളാണ് ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 28 പുതിയ പോക്‌സോ കോടതികള്‍ തുടങ്ങിയത് വിചാരണ നടപടികള്‍ക്കു വേഗം കൂട്ടിയിട്ടുണ്ട്.
നിയമത്തിന്റെ നടത്തിപ്പില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ (സിഡബ്ല്യുസി) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പോലും കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി പരാതികളുണ്ട്. ശിശുസൗഹൃദപരമായി നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നു ശിശുക്ഷേമ രംഗത്തുള്ളവര്‍ പറയുന്നു.
മിക്ക ഷെല്‍റ്റര്‍ ഹോമുകളുടെയും സ്ഥിതി പരിതാപകരമാണ്. അതിജീവിതകളുടെ പുനരധിവാസത്തിന് സംവിധാനങ്ങളില്ല. സിഡബ്ല്യുസികളില്‍ യോഗ്യതയില്ലാത്തവരെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ തിരുകിക്കയറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സിഡബ്ല്യുസികളുടെ കാലാവധി മാര്‍ച്ച് 6ന് അവസാനിച്ചതാണ്. പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിമുഖങ്ങള്‍ പൂര്‍ത്തിയായെങ്കിലും പട്ടിക പുറത്തുവിട്ടിട്ടില്ല.