ന്യൂഡല്‍ഹി : രാഷ്ട്രപതിയായി ഗോത്ര വര്‍ഗത്തില്‍നിന്നൊരാള്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു ദ്രൗപദി മുര്‍മുവിലൂടെ കളമൊരുങ്ങി. വിജയിച്ചാല്‍ രാജ്യത്തെ ആദ്യത്തെ ഗോത്ര വര്‍ഗ വനിതാ ഗവര്‍ണറെന്നതിനൊപ്പം, ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമാകും. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാള്‍ സമ്മാനമായി സ്ഥാനാര്‍ഥിത്വം.
സാമൂഹിക സേവനത്തിലും നിര്‍ധന ശാക്തീകരണത്തിലും താല്പര്യമെടുക്കുന്ന ദ്രൗപദി, ഗവര്‍ണര്‍ പദവിയിലുള്‍പ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ടെന്നും മികച്ച രാഷ്ട്രപതിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു.
സ്വാതന്ത്യ്രത്തിന്റെ 50ാം വര്‍ഷത്തിലാണു പട്ടിക വിഭാഗത്തില്‍നിന്നുള്ള കെ.ആര്.നാരായണന് രാഷ്ട്രപതിയായത്. ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഉപര്‍ബേദയില്‍ വൈദ്യുതിയും നല്ല റോഡും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ദ്രൗപദിയുടെ പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്കുന്നതില് ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വര്‍ രമാദേവി വിമന്‍സ് കോളജില്‍ നിന്നും ബിരുദം േനടി. രായിരനഗ്പുര്‍ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് എന്ന സ്ഥാപനത്തില്‍ കുറച്ചു കാലം അധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി.
1997ല്‍ രായിരനഗ്പുര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്പുര്‍ എംഎല്‍എയായി. 2000ത്തില്‍ ഒഡീഷയില്‍ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീന്‍ പട്നായിക് മന്ത്രിസഭയില്‍ 200609 കാലത്ത് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മികച്ച എംഎല്‍എയ്ക്കുള്ള ‘പണ്ഡിറ്റ് നീലകണ്ഠ പരസ്കാരം’ 2007ല്‍ ലഭിച്ചു. ജില്ല മുതല്‍ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവും രണ്ട് ആണ്മക്കളും മരണമടഞ്ഞു. ഏക മകള്‍ ഇതിശ്രീ മുര്‍മു വിവാഹിതയാണ്.