Friday, March 29, 2024

HomeMain Storyഅഫ്ഗാന്‍ ഭൂചലനം: ആയിരത്തിലേറെ പേര്‍ മരിച്ചു, 20-നിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പം

അഫ്ഗാന്‍ ഭൂചലനം: ആയിരത്തിലേറെ പേര്‍ മരിച്ചു, 20-നിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പം

spot_img
spot_img

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 1000ലേറെ പേര്‍ മരിച്ചു. 1500 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ബുധനാഴ്ച പുലര്‍ച്ച ഒന്നരയോടെ വന്‍ നാശനഷ്ടം വരുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. സര്‍ക്കാര്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.

പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക പ്രവിശ്യയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തെക്കുപടിഞ്ഞാറന്‍ നഗരമായ ഖോസ്തിലേക്ക് ഇവിടെനിന്ന് 50 കി.മീ. ദൂരമാണുള്ളത്. നിരവധിപേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. പക്തികയില്‍ മാത്രം 90 വീടുകള്‍ തകര്‍ന്നു.

നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി അഫ്ഗാന്‍ അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ശറഫുദ്ദീന്‍ മുസ്‌ലിം പറഞ്ഞു. പക്തിക പ്രവിശ്യയിലെ നാല് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാറിന്റെ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കാരിമി അറിയിച്ചു.

ഖോസ്ത് പ്രവിശ്യയിലെ ഒരു ജില്ലയില്‍ മാത്രം 25 പേര്‍ മരിച്ചു. 95 പേര്‍ക്ക് പരിക്കേറ്റു. താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മിക്ക രാജ്യാന്തര ഏജന്‍സികളും പിന്‍വാങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ അഫ്ഗാനിസ്താന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സന്‍ അകുന്ദ് അടിയന്തരയോഗം വിളിച്ചു.

അഫ്ഗാനിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പാകിസ്താന്റെ ചില മേഖലകളിലും വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മലനിരകളുള്ള ഗ്രാമീണ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments