കീവ് : യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം തുടരുന്നതിനിടെ, ഇന്നലെ യുക്രെയ്‌നിന്റെ ഡ്രോണുകള്‍ മോസ്‌കോയില്‍ ആക്രമണം നടത്തിയതു റഷ്യയെ ഞെട്ടിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ചില കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. 8 ഡ്രോണുകള്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. സാധാരണജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണു നടന്നതെന്നു റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു.
മോസ്‌കോയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണു ഡ്രോണുകള്‍ പതിച്ചത്. ഈ മാസാദ്യം ക്രെംലിന്‍ കൊട്ടാരത്തിനുനേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മോസ്‌കോയുടെ നേര്‍ക്കു രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷം നടക്കുന്ന വലിയ ആക്രമണമാണിതെന്ന് ഒരു റഷ്യന്‍ നേതാവ് വിശേഷിപ്പിച്ചു.
അതിനിടെ, കീവില്‍ റഷ്യ ഇന്നലെയും വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനിടെ മൂന്ന് ആക്രമണങ്ങളില്‍ അപ്പാര്‍ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരുക്കേറ്റു. റഷ്യയുടെ 20 ഡ്രോണുകള്‍ വീഴ്ത്തിയതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. കരിങ്കടലില്‍ കാലിബര്‍ മിസൈല്‍ വഹിക്കുന്ന കപ്പലുകളുടെ എണ്ണം റഷ്യ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.